November 11, 2016

ടെലിവിഷൻ സീരിയലുകൾക്ക് നിലയും വിലയും ഉണ്ടായിരുന്ന ഒരു കാലം.
അമ്മമ്മയോടൊപ്പം അത്താഴവും ഉണ്ടു പരിപാടികൾ കണ്ടു രസിച്ചിരുന്ന ഒരു കാലം. അന്ന് കേട്ട — കേൾക്കേണ്ടി വന്ന — മനസ്സിൽ നിന്ന് ഇതേ വരെ മായാത്ത ഒരു സംഭാഷണം.

ഒരു പുരുഷനും, കൂടെ ജോലി ചെയ്യുന്ന സ്ത്രീയും ഒരു കെട്ടിടത്തിന്റ്റെ ബാല്കണിയിൽ നിന്ന് സംസാരിക്കുന്നു. താഴെ കുറെ പെൺകുട്ടികൾ ചിരിച്ചു, വാചകം അടിച്ചു കടന്നു പോകുന്നു. അവരുടെ ഉറക്കെയുള്ള ചിരി കേട്ട്‌, പുരുഷൻ ചോദിക്കുന്നു, “ഈ പെൺകുട്ടികൾ ഇങ്ങനെ എത്ര കാലം ചിരിക്കും?”. സ്ത്രീയുടെ മറുപടി, “അതൊക്കെ ഒരുത്തന്റ്റെ കൈയിൽ കിട്ടുന്നത് വരെ.” മറുപടി കേട്ടിട്ടും സ്വന്തം പുഞ്ചിരി വിടാതെ അയാൾ അവരെ നോക്കി നിൽക്കുന്നു.

ഞാൻ അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.  “പുരുഷന്റ്റെ കയ്യിൽ കിട്ടുക” എന്നാൽ കല്യാണം ആണെന്ന് പോലും അന്ന് മനസ്സിലായില്ല. എന്നാലും മനസ്സിൽ അതൊക്കെ കിടന്നു. ഓരോ വർഷം  കഴിയുംതോറും അതിന്റ്റെ അർത്ഥം തെളിവായി വന്നു.

വീട്ടുകാർ നിശയിച്ച പുരുഷനെ ആണ് ഞാൻ കല്യാണം കഴിച്ചത്. എനിക്ക് പ്രേമ ബന്ധങ്ങളും ഇല്ലായിരുന്നു. കല്യാണം വേണ്ട എന്ന് പറയാൻ കാരണങ്ങളും ഇല്ലായിരുന്നു. ഞങ്ങൾ രണ്ടും വളരെ പ്രായം കുറഞ്ഞവരായിരുന്നു. അതിൽ മാത്രമല്ല, പരസ്പരം വെറുക്കുന്നതിലും ഞങ്ങൾക്ക്  സമാനത ഉണ്ടായിരുന്നു. അദ്ദേഹം ബുദ്ധിമാനാണ്. വാക്കുകളും ചിന്തകളും അളന്നു തൂക്കിയെ പ്രയോഗിക്കുള്ളൂ. ഞാൻ ഒരു വികാരജീവിയും. എന്ത് എപ്പോൾ എവിടെ പറയണം എന്ന് ആലോചിക്കാതെ, തുണ്ടയിലെ കല്ലിറങ്ങാൻ എന്തും ചെയ്യുന്നവൾ. അക്കൂട്ടത്തിൽ, അദ്ദേഹത്തിന്റ്റെ വീട്ടുകാരെയും, കൂട്ടുകാരെയും, ഇഷ്ടാഹാരത്തെയും, ഇഷ്ടപ്പെട്ട സാധനങ്ങളെയും വരെ ഞാൻ വെറുത്തു.
ചിരിക്കാൻ ഞാനും, എന്നെക്കാൾ കൂടുതൽ ഒരുപാട് ചിരിച്ചിരുന്ന അദ്ദേഹവും മറന്നു.

മുതിർന്നവർ തന്ന ഒരുപദേശവും ഞങ്ങളെ സഹായിച്ചില്ല. ഒരു കുഞ്ഞായപ്പോഴും ഞങ്ങൾ അകലുകയായിരുന്നു. എത്ര എത്ര ആളുകൾ. എത്ര എത്ര സംഭവങ്ങൾ. എത്ര എത്ര വേണ്ടാത്ത ചിന്തകൾ. മടുത്തു പോയിരുന്നു. ഉപദേശിക്കാനായി വന്നവരൊക്കെ, അവരുടെ കഷ്ടതകളെ പറ്റി  പറഞ്ഞു, സ്വയം സമാധാനം കണ്ടെത്തി. ചുറ്റും നുണകൾ മാത്രമേ ഉള്ളൂ എന്ന് സ്വന്തം വിഷമങ്ങൾ പഠിപ്പിച്ചു തന്നു. ആശ്രയിക്കാൻ സത്യം ഉള്ള ആരും ഇല്ലാ എന്നും, എല്ലാപേരുടെയും അവസ്‌ഥ ഒരുപോലെയാണെന്നും  മനസ്സിലാക്കിയപ്പോ, വളരേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി.

അങ്ങനെ ഇരുന്നപ്പോ തോന്നിയ ഒരു ബുദ്ധിയാണ് കൂടെ താമസിക്കുന്ന, കൂടെ കിടന്നുറങ്ങുന്ന, ഞാൻ എന്നും കാണുന്ന, ഞാൻ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്ന എന്റ്റെ ഭർത്താവിന് കത്തുകൾ എഴുതാൻ. ഇംഗ്ലീഷിലും മലയാളത്തിലും ചിത്ര രചനയിലൂടെയും ഞാൻ കത്തുകൾ എഴുതി. അദ്ദേഹം അതൊക്കെ വായിച്ചു. ചിലതിനൊക്കെ മറുപടിയും എഴുതി വച്ചു. കത്തുകളെ പറ്റി ഞങ്ങൾ ഒരിക്കലും സംസാരിച്ചില്ല. പക്ഷെ കത്തുകൾ ഞങ്ങളെ ഒരുപാട് സഹായിച്ചു. ഉച്ചത്തിലും അഹങ്കാരത്തിലും ഉള്ള എന്റ്റെ ശബ്ദത്തെക്കാളും അദ്ദേഹത്തിന് കത്തുകളിലെ “എന്നെ” ഇഷ്ട്ടപ്പെട്ടു. എന്റ്റെ കണ്ണീരും, മനസ്സും അദ്ദേഹം വായിച്ചു. എന്നെ ഇഷ്ടപ്പെട്ടാലും തരക്കേടില്ല എന്ന് വിശ്വസിച്ചു.
അങ്ങനെ പത്തു വർഷത്തിന് ശേഷം ഞങ്ങൾ പ്രണയത്തിലായി. പതിയെ, വളരെ വളരെ പതിയെ, കൊഞ്ചാനും, ചിണുങ്ങാനും, പ്രണയിക്കാനും ഞങ്ങളും പഠിച്ചു.
എന്റ്റെ പല്ലു മുഴുവൻ കാട്ടിയുള്ള ചിരിയും പിറകേ വന്നു.

Advertisements